Monday, February 18, 2013

മൊബൈല്‍ഫോണിന്റെ സുരക്ഷിത ഉപയോഗം എങ്ങനെ?


മൊബൈല്‍ ഫോണ്‍ എത്രമാത്രം സുരക്ഷിതമാണ്? പ്രചാരം നേടിയിട്ട് അധികകാലം ആയിട്ടില്ലെന്നതിനാല്‍ മൊബൈല്‍ ഫോണിന്റെ ആരോഗ്യപരമായ ഭീഷണികളെപ്പറ്റി ഏറെയൊന്നും പഠനങ്ങള്‍ നടന്നിട്ടില്ല, പ്രത്യേകിച്ച് ഇന്ത്യയില്‍. എന്നാല്‍, സ്പെയിന്‍, കനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന പഠനങ്ങള്‍ പങ്കുവയ്ക്കുന്ന പ്രാരംഭഫലങ്ങള്‍ ആശങ്കാജനകവുമാണ്. മൊബൈല്‍ ഫോണുകളുടെ ക്രമാതീതമായ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാകുമെന്ന, ഏറെക്കുറെ വിശ്വസനീയമായ വെളിപ്പെടുത്തലാണ് ഈ രംഗത്തെ വിദഗ്ധര്‍ നടത്തുന്നത്. മൊബൈല്‍ ഫോണുകള്‍ പുറത്തുവിടുന്ന വൈദ്യുതകാന്തിക പ്രസരണ (Electromagnetic Radiation- EMR) മാണ് മാരകരോഗങ്ങള്‍ക്കിടയാക്കുന്നത്.

മൊബൈല്‍ ഫോണ്‍ ചെവിയോടു ചേര്‍ത്ത് രണ്ടു മിനിറ്റു സംസാരിക്കുമ്പോള്‍ മാറിമറിയുന്ന നമ്മുടെ മസ്തിഷ്കത്തിലെ വൈദ്യുത സന്തുലനം പൂര്‍വാവസ്ഥയിലെത്താന്‍ ഒരുമണിക്കൂറിലേറെ വേണ്ടിവരുമത്രെ! എന്തൊക്കെ പറഞ്ഞാലും ഇന്നത്തെ അവസ്ഥയില്‍ മൊബൈല്‍ ഫോണെന്ന സന്തതസഹചാരിയെ അങ്ങനെ ഒഴിവാക്കാന്‍ കഴിയുമോ എന്നതല്ലേ മനസ്സിലുയരുന്ന ചോദ്യം? ഒരിക്കലും കഴിയില്ല എന്നുതന്നെയാണുത്തരം. പക്ഷേ, മൊബൈല്‍ഫോണിന്റെ ഉപയോഗം പരമാവധി ചുരുക്കാന്‍ നമുക്കു കഴിയും. മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ചില മുന്‍കരുതല്‍ എടുക്കാനും കഴിയും. പരമാവധി സുരക്ഷിതമായി മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കാന്‍ ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന ചില നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കാം.

                                          

1. സുരക്ഷിതമായ അകലം പാലിക്കുക

മൊബൈല്‍ റേഡിയേഷന്‍രംഗത്ത് ശ്രദ്ധേയമായ ഏറെ പഠനങ്ങള്‍ നടത്തിയ, പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയിലെ ഡോ. ഹെര്‍ബര്‍മാന്റെ അഭിപ്രായത്തില്‍, സംസാരിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ശരീരത്തില്‍നിന്ന് അഞ്ചു സെന്റിമീറ്ററെങ്കിലും അകത്തിവയ്ക്കുന്നത് റേഡിയേഷന്റെ തീവ്രത 75ശതമാനം കുറയ്ക്കും. ഈ അകലം 18 സെന്റിമീറ്റര്‍ ആകുമ്പോള്‍ റേഡിയേഷന്‍ തീവ്രത ഒരുശതമാനമായി കുറയുന്നു. അതിനാല്‍ സംസാരവേളയില്‍ മൊബൈല്‍ഫോണ്‍ ശരീരത്തില്‍നിന്ന് പരമാവധി അകറ്റിവയ്ക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുന്നു. സ്പീക്കര്‍ഫോണില്‍ സംസാരിക്കുന്നതാണ് സുരക്ഷിതം. എന്നാല്‍ വയറുള്ള ഹെഡ് ഫോണുകള്‍ (Wired Headsets) ഉപയോഗിക്കുന്നത് അപകടസാധ്യത മൂന്നരിട്ടി വര്‍ധിപ്പിക്കുമെന്ന് ഈ രംഗത്തെ മറ്റൊരു വിദഗ്ധന്‍ ഡോ. ജോര്‍ജ് കാര്‍ലോ പറയുന്നു. മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ച ഹെഡ് സെറ്റുകള്‍ വൈദ്യുതകാന്തിക തരംഗങ്ങളെ സ്വീകരിക്കുന്ന ആന്റിനകളായി വര്‍ത്തിക്കുമെന്നും തല്‍ഫലമായി റേഡിയേഷന്‍ നേരെ ചെവിക്കുള്ളിലേക്കെത്തുമെന്നും അദ്ദേഹം പറയുന്നു. കനഡയിലെ സെയ്ഫ് ലിവിങ് ടെക്നോളജീസിന്റെ പ്രസിഡന്റായ റോബ് മെര്‍സിങ്ങറും ഇതേ അഭിപ്രായക്കാരനാണ്. ചെവിക്കുള്ളിലേക്ക് നേരിട്ടെത്തുന്ന ഈ തരംഗങ്ങള്‍ വളരെവേഗം തലയോട്ടി കടന്ന് മസ്തിഷ്കത്തിലെത്തുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ബ്ല്യൂടൂത്ത് ഹെഡ്സെറ്റുകള്‍ ഉപയോഗിക്കുന്നത് അപകടസാധ്യത പരമാവധി ഒഴിവാക്കും. മൊബൈല്‍ ഫോണുകള്‍ നേരിട്ടുണ്ടാക്കുന്ന റേഡിയേഷന്റെ 1/100 മാത്രമാണ് ഇത്തരം ബ്ല്യൂടൂത്ത് ഹെഡ് സെറ്റുകള്‍ പ്രസരിപ്പിക്കുന്നത്. ഉറങ്ങുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ശരീരത്തില്‍നിന്ന് രണ്ടു മീറ്ററെങ്കിലും അകലെ മാത്രമേ വയ്ക്കാവൂ എന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

2. ഗര്‍ഭിണികളും കുട്ടികളും ഒഴിവാക്കുക

മൊബൈല്‍ ഫോണുകള്‍ പ്രസരിപ്പിക്കുന്ന വൈദ്യുതകാന്തിക റേഡിയേഷന്‍ ഏറ്റവുമധികം ബാധിക്കുന്നത് ഗര്‍ഭിണികളെയും കുട്ടികളെയുമാണ്. മൊബൈല്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് ഗര്‍ഭസ്ഥശിശുവിന് അത്യധികം ഹാനികരമാണെന്ന് പഠനങ്ങള്‍ തെളിയിച്ചു. ഗര്‍ഭിണികള്‍ കഴിയുന്നിടത്തോളം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ കര്‍ശനമായി നിര്‍ദേശിക്കുന്നു. 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുതന്നെയാണ് ഡോ. ഹെര്‍ബന്‍മാന്‍ നിര്‍ദേശിക്കുന്നത്. ""മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളുടെ മസ്തിഷ്കത്തില്‍ ദ്രാവകാംശം ഏറെ കൂടുതലാണ്. വൈദ്യുതകാന്തികതരംഗങ്ങള്‍ ദ്രാവകങ്ങളിലൂടെ എളുപ്പത്തില്‍ കടന്നുപോകുമെന്നതിനാല്‍ കുട്ടികളുടെ മസ്തിഷ്കത്തെ ഇത്തരം റേഡിയേഷനുകള്‍ വളരെവേഗം ഹാനികരമായി ബാധിക്കും""- അദ്ദേഹം പറയുന്നു. മരണകാരണമാകുന്ന ബാല്യ-യൗവന കാല രോഗങ്ങളില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ളത് ബ്രെയിന്‍ ട്യൂമറിനാണെന്നതും ശ്രദ്ധേയമാണ്. ഓര്‍ക്കുക, മൊബൈല്‍ഫോണ്‍ കുട്ടികള്‍ക്കുള്ള കളിപ്പാട്ടമല്ല.

3. എസ്എആര്‍ (SAR) ലെവല്‍ ശ്രദ്ധിക്കുക

മൊബൈല്‍ ഫോണുകളുടെ റേഡിയേഷന്‍ തീവ്രതയുടെ അളവാണ് എസ്എആര്‍ (SAR) അഥവാ Specific Absorption Rate. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ശരീരം ആഗിരണം ചെയ്യുന്ന റേഡിയേഷന്റെ അളവാണ് SAR സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് ടഅഞ ന്റെ പരമാവധി അളവ് 1.6 വാട്ട്/കിലോ ഗ്രാമമാണ്. മൊബൈല്‍ഫോണ്‍ വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ SAR ഏറ്റവും കുറഞ്ഞ ഹാന്‍ഡ്സെറ്റുകള്‍ തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.

                                     

4. സുരക്ഷിതരാകാന്‍

നേരത്തെ പറഞ്ഞല്ലോ, മൊബൈല്‍ ഫോണുകള്‍ പരമാവധി ശരീരത്തില്‍നിന്ന് അകറ്റി സൂക്ഷിക്കുക. സംസാരിക്കുമ്പോള്‍ മാത്രമല്ല, വെറുതെയിരിക്കുമ്പോഴും അവ റേഡിയേഷന്‍ പ്രസരിപ്പിക്കുന്നുണ്ടെന്ന് ഓര്‍ക്കുക. മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ സൂക്ഷിക്കേണ്ടിവരുമ്പോള്‍ സ്ക്രീന്‍വരുന്ന ഭാഗം ശരീരത്തോടു ചേര്‍ന്നുവരുന്നവിധം വയ്ക്കുക. മൊബൈല്‍ ആന്റിന ശരീരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഇതു സഹായിക്കും. വാഹനങ്ങള്‍, വിമാനം, തീവണ്ടി, ലിഫ്റ്റ് തുടങ്ങിയ "ലോഹക്കൂടുകള്‍"ക്കുള്ളില്‍ മൊബൈല്‍ ഉപയോഗം ഒഴിവാക്കുക. ഇവയുടെ ഭിത്തികളില്‍ തട്ടി പ്രതിഫലിക്കുന്ന തരംഗങ്ങള്‍ നമുക്കും കൂടെയുള്ളവര്‍ക്കും ഹാനികരമാണ്. റേഞ്ച് കുറവുള്ള സമയങ്ങളിലും വേഗത്തില്‍ യാത്രചെയ്യുമ്പോഴും സാധാരണയില്‍ പതിന്മടങ്ങ് റേഡിയേഷന്‍ ഉണ്ടാവുമെന്നതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുകയാണ് അഭികാമ്യം. പുരുഷന്മാര്‍ പാന്റ്സിന്റെ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് പ്രത്യുല്‍പ്പാദനശേഷിയെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പരമാവധി ലാന്‍ഡ് ഫോണ്‍ ഉപയോഗം ശീലമാക്കുക. മൊബൈല്‍ ഫോണില്‍ സംസാരസമയം പരമാവധി ചുരുക്കുക. കാര്യമാത്രപ്രസക്തമായി മാത്രം സംസാരിക്കുക. അനാവശ്യ സംസാരം ഒഴിവാക്കുക. നമ്മുടെയും നമുക്ക് വേണ്ടപ്പെട്ടവരുടെയും ആരോഗ്യം നന്നായിരിക്കാന്‍ ഈ തീരുമാനം സഹായിച്ചേക്കും. നമുക്കും തീരുമാനമെടുക്കാം. നാളത്തെ ജീവിതം ആരോഗ്യകരമാക്കാന്‍ ഇന്ന് മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കാം.

                                              

No comments:

Post a Comment